വെള്ളിയങ്കിരി മലയിലെ സുരോദയം തേടി the beautiful mountain valliyagiri

വെള്ളിയങ്കിരി  മലയിലെ സുരോദയം തേടി






ഹിമാലയം പോവാൻ വരട്ടെ... ആദ്യം ഇ മലയൊന്ന് കേറിനോക്ക് (പോകാത്തവരോട് മാത്രമാട്ടോ)
...
കോയമ്പത്തൂർ ഇഷയോഗയുടെ അടുത്തുള്ള വെള്ളിയങ്കിരി മലയെ പറ്റിയാണ് ഞാനീ പറയുന്നെ... ആദ്യമേ ഒരു കാര്യം പറയട്ടെ.. ഇതൊരു വിനോദസഞ്ചാര കേന്ദ്രമല്ലാ.. പൂർണമായും തീർത്ഥാടനകേദ്രമാണ് ...
ഇവിടെ വരുന്ന തീർത്ഥാടകർക്ക്  ഇതൊരു പുണ്യസ്ഥലമാണ് ...
...
7 മല കാടിനുളിൽ കേറിചെന്നാൽ ഒരു ശിവക്ഷേത്രം.. അതാണ് വെള്ളിയാങ്കിരി ...
അവിടുത്തെ സൂര്യോദയം വളരെ ഫേമസ് ആണ്.. പൊതുവായി രാത്രിയാണ് ഇവിടേക്ക് വരുന്നവർ മലകേറുന്നത്...
അങ്ങനെ കേറിയാൽ സൂര്യോദയം കണ്ട് മടങ്ങാം ...
...
കാടിനുള്ളിലേക്ക് ഒരു ട്രെക്കിങ്ങും, കാടിനുള്ളിലെ താമസവും ഒക്കെ മോഹിക്കുന്നവർ ധാരാളം ഉണ്ട്... എന്നാൽ ഇതെല്ലാം ഒരു പണച്ചിലവും ഇല്ലാതെ നടന്നാലോ ...
ഇതൊക്കെ മോഹിച്ചാണ് ഞാനും എന്റെ ഒരു സുഹൃത്തും ടെന്റും ക്യാമറയും ഒക്കെയായി അങ്ങോട്ട് വെച്ചുപിടിച്ചത് ..
..
ഇഷയോഗയും ആദിയോഗിയും ഒക്കെ കണ്ടതിന് ശേഷം രാവിലെ പത്തുമണിയോടെയാണ് ഞങ്ങൾ പൂണ്ടി അമ്പലത്തിൽ എത്തിയത് .. പൂണ്ടി അമ്പലത്തിൽനിന്നുമാണ് മല കേറിത്തുടങ്ങുന്നത് .. ഇങ്ങോട്ടേക്ക് കോയമ്പത്തൂരിൽനിന്നും നേരിട്ട് ബസ് ലഭ്യമാണ് ...
..
ആകെ കൈയിൽ രണ്ടുകുപ്പി വെള്ളമുണ്ട്... 7 മലകേറാൻ 6 - 7 മണിക്കൂർ വേണ്ടിവരുമെന്ന് കേട്ടിട്ടുണ്ട് ..
കഴിക്കാൻ എന്തെങ്കിലും വേണമെങ്കിൽ ഇവിടെനിന്നും വാങ്ങാം ... ഒരു പഴത്തിന് 10 രൂപ വെച്ച് 100 രൂപക്ക് രണ്ടാൾക്കുംകൂടെ പഴം വാങ്ങി... ഉച്ചയോടെ മല കേറി കുറച്ചുദൂരം നടന്ന് രാത്രിയിൽ എവിടെയെങ്കിലും ടെന്റ് അടിച്ചു കിടന്ന് ബാക്കി വെളുപ്പിനെ കേറി സൂര്യോദയം കണ്ട് മടങ്ങാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ..
...
പൂണ്ടി അമ്പലത്തിലേക്ക് ഷൂ, ചെരുപ്പ് ഇട്ടൊന്നും പ്രവേശിക്കാൻ പാടില്ല ..
ഞങ്ങൾ ഷൂ ഊരി കൈയിൽ പിടിച്ചുനടന്നു .. കാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് forestകാരുടെ ചെക്കിങ് ഉണ്ട്..
 ..
ബീഡി, സിഗരറ്റ്, കഞ്ചാവ്, തീപ്പെട്ടി എന്നിങ്ങനെയുള്ള ഒരു സാധനവും അകത്തേക്ക് കടത്തിവിടില്ലാ.. എന്തെങ്കിലും കൈലുണ്ടേൽ ഇവിടുന്ന് പിടിക്കും ..  ബാഗ് പരിശോധനയും ദേഹപരിശോധനയും ഇവിടെ  സാധാരണയാണ് .. ഞങ്ങടെ കൈയിൽ അ വക സാധനങ്ങൾ ഒന്നും ഇല്ലാത്തോണ്ട് എന്തുവേണേലും പരിശോധിച്ചോയെന്ന മട്ടിൽ നിന്ന ഞങ്ങളുടെ ബാഗില്നിന്നും രണ്ട് ക്യാമറയും ടെന്റും എടുത്തുപുറത്തിട്ടു ..
.. എന്നിട്ട് രോക്ഷത്തോടെ ഞങ്ങടെ മുഖത്തോട്ട് നോക്കി അ പോലീസുകാരൻ അലറി "ഇതൊന്നും ഇവിടെ പറ്റില്ല"
...
...
ക്യാമറയും ടെന്റും ഇല്ലെങ്കിൽ പിന്നെ ഞങ്ങൾ മല കേറിയിട്ടെന്തിനാ സാറേ ...
കാട്ടിൽ ആനയുണ്ട്, പുലിയുണ്ട്, കരടിയുണ്ട് .. അതുകൊണ്ട് കാട്ടിൽ അങ്ങനെ ടെന്റ് ഒന്നും അടിച്ച് കിടക്കാൻ പറ്റില്ലെന്നായി അവർ... അപ്പൊ ക്യാമറയോ സാർ.. ക്യാമറ ഇവിടെ അനുവദിക്കത്തില്ല.. ഫോൺ മാത്രം കൊണ്ടുപോവാം..  നിങ്ങൾക്കു വേണമെങ്കിൽ ക്ലോക്ക് റൂം ലഭ്യമാണ് അവിടെ ഇതെല്ലാം വെച്ചിട്ട് വേണേൽ മല കേറിക്കോ എന്നായി..
..
വലിയ ബാഗും തൂക്കി ഷൂവും ഇട്ടവന്ന ഞങ്ങളെ കണ്ടാൽ അറിയാം സ്ഥലം കാണാൻ വന്നതാണെന്ന് .. ധാരാളം സന്യാസിമാർ അവിടെയുണ്ട് ..
വെറും കാലിൽ മല കേറിയാൽ മാത്രമേ പുണ്യം ലഭിക്കയുള്ളു എന്നൊരു സ്വാമി എന്നോട് പറഞ്ഞു.. എന്തോ ഞങ്ങളെ പോലെ ഇങ്ങനെ വരുന്നവരോട് എന്തോ താല്പര്യം കുറവുള്ളതുപോലെ തോന്നി..
..
 ടെന്റില്ലെങ്കിൽ വേണ്ട ക്യാമറ മാത്രം കൊണ്ടുപോയ്‌ക്കോട്ടെ എന്നായി ഞങ്ങൾ..
ഒരു കണക്കിനും അനുവദിക്കത്തില്ല.. ക്യാമറ കേറ്റിയാൽ ഉയർന്ന ഉദ്യോഗസ്ഥർ പിടിച്ചാൽ ഫൈൻ അടക്കേണ്ടി വരുമെന്നായി..
ഞങ്ങൾ വീണ്ടും കെഞ്ചി കേട്ടു .. അയാൾ ഫോൺ എടുത്തു ഉയർന്ന ഏതോ ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം അവതരിപ്പിച്ചു ..
..
അതിലും ഫലം കണ്ടില്ല .. ക്യാമറയും ടെന്റും ക്ലോക്ക് റൂമിൽ വെക്കാൻ ഞങ്ങൾ തീരുമാനിച്ചു .. പക്ഷേ ക്ലോക്ക് റൂം അത്ര സുഖകരമായി തോന്നിയില്ല .. അതുകൊണ്ട് ടെന്റ് അവിടെ വെച്ച് ക്യാമറ കേറ്റാൻ ഞങ്ങൾ തീരുമാനിച്ചു..
..
വെരുന്നിടത്ത് വെച്ച് കാണാം എന്നമട്ടിൽ അ forest ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് പോയി.. സാറെ ഞങ്ങൾ ക്യാമറ കേറ്റുവാ.. ഫൈൻ എങ്കിൽ ഫൈൻ...
..
ഞങ്ങൾ പിന്മാറില്ലെന്ന് കണ്ടപ്പോൾ പുള്ളിക്കാരൻ സമ്മതം മൂളി .. ക്യാമറ കേറ്റികൊ പക്ഷെ പുറത്തെടുക്കരുതെന്ന് ഒരു താക്കീതും .. ( പിന്നെ എന്തിനാണ് സാർ ക്യാമറ .. ഒരു ദിലീപ് സിനിമ ഓർമവന്നു )
..
ഞങ്ങടെ കൈയിൽ ചെറിയൊരു പാക്കറ്റ് mixture ഉണ്ടായിരുന്നു .. അത് പാക്കറ്റ് പൊട്ടിച്ച് പേപ്പറിൽ പൊതിഞ്ഞു തന്നു ..
പ്ലാസ്റ്റിക് കാടിനുള്ളിലേക്ക് കയറ്റാതിരിക്കാനാവണം ഇത് .. അതിൽ സന്തോഷം തോന്നി .. അപ്പൊ വെള്ളം കൊണ്ടുപോവുന്ന പ്ലാസ്റ്റിക് കുപ്പിയോ .. അതിനെ പറ്റി ആരും ഒന്നും പറഞ് കേട്ടില്ല ..
....
....

അങ്ങനെ ഞങ്ങൾ ഉച്ചക്ക് ഒരുമണിയോടെ ആദ്യത്തെ മല കേറാൻ ആരംഭിച്ചു .. കല്ലുകൊണ്ടുണ്ടാക്കിയ പടികളാണ് മൊത്തം .. ആദ്യത്തെ മല നല്ല ഉയരത്തിലേക്ക് കേറണം ..
നട്ടുച്ച വെയിലത്തു ഇ മലകേറുന്നത്  നല്ലതല്ലെന്ന് തലേദിവസം കേറി ഇറങ്ങുന്നവർ ഓർമപ്പെടുത്തി..
എന്നാൽ മെല്ലെ പറ്റുന്ന അത്രേം കേറി ബാക്കി പിറ്റേന്ന് കേറാനായിരുന്നു ഞങ്ങളുടെ പ്ലാൻ ..
..
നല്ല വെയിലും ചൂടും ഉണ്ടായിരുന്നതുകൊണ്ട് കൈയിലുണ്ടായിരുന്ന വെള്ളം നല്ലപോലെ ചിലവായി .. രണ്ടാമത്തെയും ആറാമത്തെയും മലയിലെത്തിയാൽ കാട്ടുചോലയുണ്ടെന്ന് തിരിച്ചിറങ്ങുന്നവർ പറഞ്ഞിരുന്നു .. പോരാത്തതിന് ഒന്നാമത്തെ മല കേറിചെന്നാൽ പിന്നെ അങ്ങോട്ട് ധാരാളം താല്കാലികമായി  നിർമിച്ച കടകളും ഉണ്ട് .. അവിടെയെല്ലാം കുടിക്കാനും കഴിക്കാനും സാധനങ്ങൾ കിട്ടും .. പക്ഷെ ഇരട്ടി വില വരും...
..
ഒന്നാമത്തെ മലയുടെ മുകളിൽ എത്തിയാൽ ഒരു ഗണപതി അമ്പലമുണ്ട് ..
അതിനോട് ചേർന്ന് രണ്ട് കടയുണ്ട് .. എല്ലാ വക പാനീയങ്ങളും, കഴിക്കാൻ ഉള്ള സാധനങ്ങളും അവിടെ ലഭിക്കും ..
എല്ലാം പ്ലാസ്റ്റിക് പാക്കറ്റിൽ തന്നെ .. പിന്നെ എന്തിനാണ് താഴെനിന്ന് ഞങ്ങൾ കൊണ്ടുവന്ന സാധനം മാത്രം പേപ്പറിൽ പൊതിഞ്ഞു തന്നതെന്ന് മനസിലാകുന്നില്ല ..
..
എല്ലാത്തിനും ഇരട്ടിവിലയാണ്.. ഞങ്ങൾ ഓരോ സംഭാരം കുടിച്ചു .. ഒരു പേപ്പർ ഗ്ലാസ് സംഭാരത്തിന് 20 രൂപയാണ് വില..
15 രൂപയുടെ glucose പാക്കറ്റിന് 40 രൂപ പറഞ്ഞെങ്കിലും അല്പനേരത്തെ വിലപേശലിനൊടുവിൽ 30 ന് ഉറപ്പിച്ചു ( മലയാളികളോടാ കളി 🤓)
അവർ കഷ്ടപ്പെട്ട് മലകേറ്റി കൊണ്ടുവരുന്നതാ.. അതുകൊണ്ടുതന്നെ കഴിക്കാനും കുടിക്കാനും ഉള്ളത് നമ്മൾ തന്നെ കരുതുന്നത് നന്നാവും..

..
..
ഇനി ഒരു മലകൂടെ കേറിയാൽ കാട്ടുചോലയുണ്ട് .. അവിടെനിന്നും നമ്മുക്കു കുപ്പിയിൽ വെള്ളമെടുക്കാം..
ആദ്യത്തെ 4 മലയും കല്ലുകൊണ്ടുണ്ടാക്കിയ നടപ്പാതയാണ് .. രണ്ടു ഭാഗവും കാടാണ് ..
..
കൈലുള്ള വെള്ളം ഏതാണ്ട് തീരുമെന്നായപ്പോ എത്രെയും പെട്ടന്ന് കാട്ടുചോലയുടെ അവിടെ എത്തണം എന്നു കരുതി നടന്ന ഞങ്ങൾ 2 മണിക്കൂർകൊണ്ട് രണ്ടാമത്തെ മലയും കടന്ന് കാട്ടുചോലയുടെ അടുത്തെത്തി ..
..
പാറയുടെ അടിയിൽനിന്നും വരുന്ന ചെറിയൊരു ഉറവ, ഒരു മുള കീറി അതിലൂടെ തീർത്ഥാടകർക്ക് കുടിക്കാനും
കുപ്പിയിൽ നിറക്കാനും പാകത്തിന് ഒഴുക്കിവിട്ടിരിക്കുന്നു .. രണ്ട് മല കേറി ഒരു ചെറിയ നിധി കിട്ടിയ സന്തോഷത്തിലായി ഞങ്ങൾ.. വേണ്ടുവോളം കുടിച്ചു.. കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നു അല്പം വെള്ളം കളഞ്ഞ് അതിലെല്ലാം അ അമൃതം നിറച്ചു .. ( ശരിക്കും അമൃതം തന്നെയാട്ടോ .. കുടിച്ചവർക്ക് അറിയാം )
...
...
ഏകദേശം രണ്ടമലയെത്തുമ്പോൾ മുതൽ താഴേക്കുള്ള വ്യൂ കണ്ടുതുടങ്ങും .. മൂന്നുഭാഗവും മലയാൽ ചുറ്റപ്പെട്ട തമിഴ്‌നാടൻ ഗ്രാമപ്രദേശങ്ങൾ .. ആദിയോഗി statue ഒരു പൊട്ടുപോലെ ഇവിടെനിന്ന് കാണാം..

മുകളിലേക്ക് കേറുംതോറും വനഭംഗിയും കാഴ്ചയും കൂടി വരുന്നത് ആരെയും ഇ മലകയറ്റാൻ ഹരം കൊള്ളിക്കും..
..
അഞ്ചാമത്തെ മല കു‌ടെ കേറിചെന്നാൽ പിന്നെ വലിയ കയറ്റമില്ല .. കുന്നിൻ ചെരുവിലൂടെയുള്ള നടപ്പാതയാണ് ..
ഏകദേശം 4 മണിക്കൂർ പടികൾ കേറിവന്നതിന്റെ ക്ഷീണം അൽപനേരം ഇരുന്ന് തീർത്തു .. ഞങ്ങളിപ്പോൾ ആറാമത്തെ മലയിലാണ് . ഒരു ചെറിയ കുന്നുകൂടെ കഴിഞ്ഞ് ആറാമത്തെ മലയിറങ്ങിയാൽ കുളിക്കാനുള്ള കാട്ടുചോലയുണ്ടെന്ന് പറഞ്ഞിരുന്നു ..
..
ഞങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ആറാമത്തെ മലയെത്തിയതിൽ അഭിമാനം തോന്നി .. എന്നാപ്പിന്നെ ഇരുട്ടുന്നതിന് മുന്നേ ചോലയിൽ എത്തി കുളിക്കാമെന്ന് പ്ലാൻ ചെയ്ത നടക്കാൻ ആരംഭിച്ചു .. ഇവിടെനിന്ന് നോക്കിയാൽ ഏഴാമത്തെ മലയുടെ മുകൾഭാഗം കാണാം ..
ആറാമത്തെ മല നല്ലപോലെ താഴേക്കിറങ്ങാനുണ്ട് .. വഴി അത്ര സുഖകരമല്ലാത്തതുകൊണ്ട് സൂക്ഷിക്കണം .. ആറുമണിയോടെ ഞങ്ങൾ ആറാമത്തെ മലയും കഴിഞ്ഞ് കാട്ടുചോലയുടെ അടുത്തെത്തി ..
..
ചെറിയൊരു കാട്ടുചോല കെട്ടിനിർത്തി ഒരു കുളം രൂപത്തിലാക്കിയിരിക്കുന്നു ഭക്തർക്ക് കുളിക്കാൻ പാകത്തിന് .. മുട്ടറ്റം വെള്ളം മാത്രം .. ഒരുഭാഗത്തായി വെള്ളത്തിന്റെ അടിയിൽ ശിവലിംഗവും ഉണ്ട് .. വെയിലത്തു വിയർത്തു കുളിച്ചെത്തിയ ഞങ്ങൾ ഇത് കണ്ടയുടനെ അതിലേക്കിറങ്ങി ഒരു കുളി പാസ്സാക്കി .. നല്ല ഒന്നാന്തരം തണുത്ത വെള്ളം.. ഇത്രെയും മലകേറിവരുന്നവരുടെ ക്ഷീണം ഇവിടെ ഒറ്റകുളികൊണ്ട് തീരും ..
...
കുളികഴിഞ്ഞ് ഏഴാമത്തെ മലയുടെ താഴ്‌വാരത്തേക്ക് കേറിയ ഞങ്ങൾക്ക് പ്രകൃതി ഒരുക്കിവെച്ചത് നല്ല കിടിലനൊരു സൂര്യാസ്തമയമായിരുന്നു .. അവസാനമില്ലാത്ത പടിഞ്ഞാറൻ മലനിരകളുടെ ഇടയിലേക്ക് താഴ്നിറങ്ങുന്ന സുര്യനെ നോക്കി കുറേനേരം ഇരുന്നു ..
രാവിലത്തെ സൂര്യോദയം കാണാൻ വേണ്ടി വന്ന ഞങ്ങൾക്ക് വിചാരിക്കാതെ കിട്ടിയ അ കാഴ്ച്ച വളരെ വലുതായിരുന്നു ..
..
അവിടെ അടുത്തായി രണ്ട് കുടിലുണ്ട് .. വരുന്നവർക്ക് താമസിക്കാൻ സൗകര്യമുണ്ടിവിടെ .. സൂര്യാസ്തമയം കണ്ടുനില്കുമ്പോളായിരുന്നു ശേഖർ എന്ന പയ്യനെ പരിചയപെടുന്നേ .. അവനാണ് അ കുടിലിന്റെ നടത്തിപ്പുകാരൻ .. കൂടുതൽ പരിചയപ്പെട്ടപ്പോൾ ഞങ്ങൾ ഞങ്ങൾടെ അവസ്ഥ പറഞ്ഞു(ടെന്റ് താഴെ പിടിച്ച കാര്യം ) ..
അതിനെന്താ അവിടെ കുടിലിൽ കിടന്നോ പണമൊന്നും വേണ്ട.. ഇപ്പൊ വെല്യ തിരക്കില്ലാത്തതുകൊണ്ട് കുഴപ്പമില്ല ..
കേട്ടപാതി കേക്കാത്തപാതി ശേഖർ ഞങ്ങളോടുപറഞ്ഞു .. ഏഴാമത്തെ മല കണ്ടാൽ ചെറുതാണെന്ന് തോന്നുമെങ്കിലും കേറാൻ ഒരു മണിക്കൂർ വേണമെന്നതിനാൽ അത് രാവിലെ എണീറ്റ് കേറാമെന്ന് തീരുമാനിച്ച് ഞങ്ങൾ ശേഖറിന്റെ കുടിലിലേക്ക് വിട്ടു ..
..
ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യം എല്ലാം കുടിലിന്റെ അകത്തുണ്ട് .. അടിവാരത്താണ് ശേഖറിന്റെ വീട് .. മുന്നുമാസമായി അവൻ ഇ മലമുകളിൽ താമസിക്കുന്നു. ഇനിയും മൂന്നുമാസം കൂടെകാണും ..
..
കുടിലിന് പുറത്തൊരു solar panel വെച്ചിട്ടുണ്ട് .. അതില്നിന്നുണ്ടാകുന്ന ചാർജ് കൊണ്ട് 3 -4 ബൾബ് കത്തിച്ചിട്ടുണ്ട്.. നിലത്താണ് കിടക്കേണ്ടത് .. നിലത്തുവിരിക്കാൻ മാറ്റ് തരും. അതിനു നൂറുരൂപയാണ്.. കൂടാതെ തലയണ, പുതപ്പ് എന്നിവ കൂടെവേണെൽ 150 എക്സ്ട്രാ കൊടുക്കണം .. അവന്റെ വരുമാനം അതില്നിന്നുമാണ് .. പോരാത്തതിന് അവിടെ താമസിക്കുന്നവർക്ക് ഭക്ഷണവും ശേഖർ തന്നെ ഉണ്ടാക്കി തരും.. ഇതിന് വേറെ വരും എന്നുമാത്രം ..
ഇരുട്ടി തുടങ്ങിയതോടെ നല്ല തണുപ്പും ആരംഭിച്ചു.. പുറത്തു ഏതേലും പാറയിൽ കിടക്കാനായിരുന്നെല്ലോ ഞങ്ങളുടെ പ്ലാൻ .. അങ്ങനെ ആയിരുന്നേൽ തണുത്തൊരു പരുവം ആയേനെ ..
..
ശേഖറിനോട് കാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ട് ഇരുന്നപ്പോൾ കുടിലിന്റെ വാതുക്കൽകൂടെ ഒരു മുള്ളൻപന്നി പോവുന്നതുകണ്ട ഞാൻ ഒരു നിമിഷം ടിപ്പിക്കൽ മലയാളിയായി ശേഖറിനോട് പറഞ്ഞു, അതിനെ ഇങ് പിടിച്ചാൽ അത്താഴം കുശാലാക്കാമായിരുന്നെന്ന്.. ഇത് കേട്ടയുടനെ ശേഖറിന്റെ മുഖം മാറി..
ഇതൊരു പുണ്യമലയാണ് ... കാട്ടിലെ മൃഗങ്ങളെ ഉപദ്രവിച്ചാൽ ദൈവം കോപിച്ച് ഇവിടെ കാറ്റും മഴയും ഉണ്ടാവുമെന്നാണ് അവരുടെ വിശ്വാസം .. അതുപോലെ തന്നെ മല കേറുന്ന തീർത്ഥാടകരെ വന്യമൃഗങ്ങൾ ഉപദ്രവിക്കില്ലായെന്ന വിശ്വാസവും അവർക്കുണ്ട്..
...
ഏഴരയോടെ ഞങ്ങൾ ഉറങ്ങാൻ കിടന്നു .. ഞങ്ങളെ കൂടാതെ ചെന്നൈയിൽ നിന്നുവന്ന രണ്ടുപേരും അ കുടിലിൽ ഉണ്ടായിരുന്നു.. രാത്രി ധാരാളം പേർ മല കേറി വന്നിരുന്നു ..
..
പ്ലാൻ ചെയ്ത പ്രകാരം രാവിലെ 5:30 എണീറ്റ് എല്ലാം കെട്ടിപ്പെറുക്കി അവസാനത്തെ മല ലക്ഷ്യമാക്കി നടന്നു .. ഇരുട്ടായിരുന്നതുകൊണ്ട് മൊബൈൽ വെട്ടത്തിലാണ് മലകയറിയത് .. ധാരാളം പേർ മല കേറാനും രാത്രി കേറി തിരിച്ചിറങ്ങുന്നവരും കൂട്ടിന്  ഉണ്ടായിരുന്നു. വിചാരിച്ചതിലും തണുപ്പ് ഉണ്ടായിരുന്നു. ഏഴാമത്തെ മല കുത്തനെ ഉള്ള കയറ്റമാണ് .. സൂക്ക്ഷിച്ച് സാവധാനം മാത്രമേ മല കേറാൻ സാധികത്തുള്ളൂ ..
..
ഏഴാമത്തെമലയിൽ ധാരാളം പാറക്കല്ലുകൾ ഉണ്ട്.. രാത്രി വന്ന പലരും പല പാറയിൽ കിടന്ന് ഉറങ്ങുന്നതുകാണാം ..
മുക്കാൽ മണിക്കൂർകൊണ്ട് മലയുടെ ഏകദേശം മുകളിൽ എത്തിയ ഞങ്ങൾ സൂര്യോദയം കാണാൻ പറ്റിയ ഒരു പാറനോക്കി അതിൽ കേറി കിഴക്കോട്ട് നോക്കിയിരുന്നു .. ആറര മുതൽ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന സൂര്യോദയം എങ്ങനെയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല .. വെറും ഇയൊരു 20 മിനിറ്റിനുവേണ്ടി ഇ കണ്ട മല ഒക്കെ കേറിവന്നത് വെറുതെയായില്ല .. കണ്ടതെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോയും റെഡി ആക്കിയിട്ടുണ്ട് ..
..
7 മണിയോടെ മല തിരിച്ചിറങ്ങാൻ ആരംഭിച്ചു. കേറുന്നപോലെതന്നെ ഏഴാമത്തെ മലയിറങ്ങാനും ബുദ്ധിമുട്ടാണ് .. ഏഴാമത്തെ മലയിറങ്ങി തലേന്ന് കിടന്ന കുടിലിൽ കേറി ശേഖറിനോട് യാത്ര പറഞ്ഞു. തിരിച്ചു വരുമ്പോൾ ആറാമത്തെ മല കേറാൻ നല്ലപോലെ ശ്രദ്ധിക്കണം .. ആറാമത്തെ മല കേറിക്കഴിഞ്ഞാൽ പിന്നെ എളുപ്പമായി .. അങ്ങോട്ട് കേറിയതെല്ലാം ഇറങ്ങിയാൽ മതി .. ഞങ്ങൾ സ്ഥലം കണ്ടും ഫോട്ടോ എടുത്തും മെല്ലെ മല ഇറങ്ങി.
..
   11 മണിയോടെ ഞങ്ങൾ താഴെ പൂണ്ടി അമ്പലത്തിലെത്തി. മലയിറങ്ങി വരുന്നവർക്ക് ഇവിടെ അന്നദാനമുണ്ട്. ക്ലോക്ക് റൂമിൽ ചെന്ന് ടെന്റും വാങ്ങി, കുറെ നാളായി ഉള്ളിൽ കൊണ്ടുനടന്ന സ്വപനം തീർപ്പാക്കിയ സന്തോഷത്തിൽ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു..
..
ഞങ്ങൾക്ക് മൊത്തം 7 മലകേറാൻ ആറുമണിക്കൂർ വേണ്ടിവന്നു .. തിരിച്ചിറങ്ങിയത് 4 മണിക്കൂർ കൊണ്ടാണ് ..
ട്രെക്കിങ്ങ് താല്പര്യമുള്ളവർക്ക് പറ്റിയ ഒരു സ്ഥലമാണ് വെള്ളിയങ്കിരി . ഇപ്പോൾ പറ്റിയ സമയമാണ് . മഴ തുടങ്ങി കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് പ്രവേശനം ഉണ്ടാവില്ല ..
പകൽ കേറിചെന്നാൽ നല്ലൊരു സൂര്യാസ്തമയം കൂടെ കാണാം എന്നത് ഉറപ്പ്..
...
കാഴ്ചകൾക്ക് - https://youtu.be/CtiY1LHi0xQ

                                             By : Bibin Joseph



പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു

https://www.facebook.com/travelriders.ml/

പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ

https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw

പുതിയ യാത്ര അറിവിനായി  travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...

                                     Group 1

https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj

                                    Group 2

https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v

നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

Comments

Popular posts from this blog

കേരളത്തിലെ മനോഹരമായ 30 tourist place കൾ

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 37 സ്ഥലങ്ങള്‍

പക്ഷി സങ്കേതത്തിൽ സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ കുമരകം പക്ഷി സങ്കേതം Kumarakom Bird Sanctuary is a must visit for bird sanctuary