യാത്രികരും കൂടെ ഞാനും യാത്രയുടെ ഓർമ്മകളിലേക്ക്‌kurishupara|paniyam balam rock view|kathir farm|kuthira puzha|yaathrikan

യാത്രികരും കൂടെ ഞാനും
യാത്രയുടെ ഓർമ്മകളിലേക്ക്‌









*ഏപ്രിൽ19*
---------------------

*യാത്രികൻ* *മലപ്പുറം* ഗ്രൂപ്പിൽ ഒരു മെസ്സേജ്‌.

ആരാ...?

മ്മടെ പാരിക്ക 😍

"ഞമ്മക്കൊന്ന് കൂടിയാലോ ചെങ്ങായ്മാരേന്ന്.." ???
🥳🥳
ഒറ്റ ചോദ്യം

കേക്കാൻ കാത്ത്‌ നിക്കല്ലേ മ്മടെ *യാത്രാസ്നേഹികൾ* കുറച്ച്‌ കഴിഞ്ഞ്‌ ദിവസവും സമയവും കുറിച്ചു.ഈ അടുത്ത്‌ തന്നെ,അതും നമ്മുടെ മലപ്പുറത്തിന്റെ സ്വന്തം നിലംബൂർ.
ഗ്രൂപ്പിൽ ചർച്ചകൾ പുരോഗമിച്ചു.പരസ്പരം പരിചയമില്ലാത്തവരുമായി പരിചയം ഉണ്ടാക്കിയെടുത്തു..
സത്യം പറയാല്ലോ വല്ലാത്തൊരു എക്സൈറ്റ്മെന്റിലാ  ഞാൻ, *യാത്രികൻ* കുടുംബത്തിലൊരംഗമായിട്ട്‌ ആദ്യത്തെ ഇവന്റ്‌ ആണിത്‌ എനിക്ക്‌ (പലർക്കും). *യാത്രികനിത്‌ 135-ആമത്തെ ഇവന്റും.*

 എല്ലാം സെറ്റ്‌...!

ഈവന്റിന്റെ പേരും സ്ഥലവും കൃത്യമായ പ്ലാനിംഗും എല്ലാം അതിന്റെ സമയങ്ങളിൽ വ്യക്തമായി തന്നെ ടീം ക്യാപ്റ്റൻസ്‌ അനൗൺസ്‌ ചെയ്തോണ്ടിരുന്നു.

*"ദ അൺനോൺ നിലംബൂർ"*

പേരിൽതന്നെ പലതും കിട്ടാനുണ്ടെന്ന് ആത്മനിർവ്വൃതി കൊണ്ടു. താജുക്ക,മുർഷി,പിന്നെ വരാന്ന് പറഞ്ഞ്‌ വരാൻ പറ്റാതിരുന്ന മ്മടെ പാരിക്ക ഇവരായിരുന്നു എല്ലാം..
കൃത്യമായ സമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

എല്ലാം പെട്ടെന്നാവണം.കാരണം ആകെ 30 സീറ്റൊള്ളു.ഫുൾ ആവുന്നതിനു മുന്നെ കയറിപറ്റണം.നമ്മുടെ ടീം അംഗമായ ഷരീഫിനെ വിളിച്ച്‌ ഒറ്റ വാക്കിൽ കാര്യം പറഞ്ഞ്‌ സെറ്റാക്കി.രെജിസ്ട്രേഷൻ ഫീ  ട്രാൻസ്ഫർ ചെയ്ത്‌ ഞങ്ങൾ രണ്ടും സീറ്റ്‌ ബുക്ക്‌ ചെയ്തു.
*ഏപ്രിൽ 27,28*







*ഏപ്രിൽ 27*
---------------------

രാവിലെ എണീക്കാൻ തന്നെ എന്തോ ഒരു പ്രത്യേകത,പ്രത്യേകത അല്ല ശെരിക്കും പറഞ്ഞാ ഒരു ഉത്സാഹം.
കാരണം ഇന്നത്തെ എന്റെ വൈകുന്നേരം ഞാൻ പുതിയൊരു ടീമിന്റെ കൂടെയാ,ഇത്‌ വരെ കാണാത്ത, പരിചയമില്ലാത്ത എന്നാൽ നമ്മുടെ ചുറ്റുപാടുള്ള ഒരുപാട്‌ ആളുകൾ.
എല്ലാവർക്കും ഒരേ മനസ്സ്‌
*"യാത്ര,സഞ്ചാരം"*

4 വർഷത്തെ കോളജ്‌ ലൈഫിലും അതിനു ശേഷവും സഞ്ചരിച്ചോണ്ടിരുന്ന ചെറുതും വലുതുമായ യാത്രകളെ മനസ്സിൽ സ്മരിച്ച്‌ കൊണ്ട്‌ അത്യാവശ്യ സാധനങ്ങൾ ബാഗിലും കുത്തിനിറച്ചോണ്ട്‌ ഉമ്മാനോടും  യാത്ര പറഞ്ഞ്‌ ഉച്ചക്ക്‌ വീട്ടിന്നിറങ്ങി.
ഷരീഫും സെറ്റ്‌,
അവന്റെ ബൈക്കും എടുത്തോണ്ട്‌ വന്ന് എന്നേം കേറ്റി നേരെ മലപ്പുറം മീറ്റിംഗ്‌ പോയിന്റിലേക്ക്‌.
പറഞ്ഞ സമയവും  സ്ഥലവും നട്ടുച്ചയും🌞.
ആരേയും കാണുന്നില്ല. മുർഷിനെ വിളിച്ചപ്പൊ നേരെ മഞ്ചേരിക്ക്‌ വെച്ച്പിടിക്കാൻ ഉത്തരവ്‌ കിട്ടി.
നട്ടുച്ചയും കത്തിനിക്കണ സൂര്യനും,
എന്തൊക്കെ പറഞ്ഞാലും ഒരു വഴിക്ക്‌ പോവാൻ ഇറങ്ങിയാ പിന്നെ അവ്ടെ മഴയും വെയിലും കാറ്റും ഒന്നും നുമ്മക്കൊരു തടസ്സമല്ലായിരുന്നു.
കാഴ്ചകളെ പിന്നിലാക്കി മുന്നോട്ട്‌ മുന്നോട്ട്‌...!
മഞ്ചേരി ടീം കട്ട വൈറ്റിംഗാ നമ്മളെ. അവിടുന്ന് തുടങ്ങി കൈ കൊടുക്കലും കെട്ടിപിടിത്തവും നാട്ടുവിഷേശങ്ങൾ പങ്ക്‌ വെക്കലും. എല്ലാരും എത്തി,
വരി വരിയായ്‌ നിർദ്ദേഷങ്ങളും നിയമങ്ങളും തെറ്റാതെ മുന്നോട്ടുള്ള പ്രയാണത്തിനു തുടക്കമായി.
അവിടുന്ന് നേരെ നിലംബൂർ കനോലിച്ചേട്ടന്റെ പ്ലോട്ടിനു മുന്നിലേക്ക്‌.
കാത്തുനിന്ന് ബോർ അടിച്ച പലരുടെയും കണ്ണിൽ ഒരു തിളക്കം കണ്ട നിമിഷം..എല്ലാവരും ഒരുമിച്ചായപ്പോൾ നല്ലൊരു ടീം തന്നെ കൂടെ ഉണ്ടെന്ന ആത്മസുഖവും.

കാടിനെ അറിയാനും കാട്ടിലുള്ളതെന്താണെന്നറിയാനും *ടീം യാത്രികൻ നടത്തുന്ന അൺനോൺ നിലംബൂർ റൈഡ്‌.*
യാത്രക്ക്‌ മുന്നേ സ്റ്റാറ്റസ്‌ ഇട്ട്‌ വെറുപ്പിച്ച്‌ എല്ലാരേം അറിയിക്കാനും ഞാൻ മറന്നില്ല. പല പല ആളുകൾ,ജീവിതമെന്ന യാത്രയിൽ വ്യത്യസ്തമായ പൊസിഷനിൽ മുന്നോട്ട്‌ പോകുന്നവർ,എല്ലാവർക്കും ഒരേ മനസ്സ്‌ അതിനൊരൊറ്റ കാരണം മാത്രം

*"എല്ലാവരും സഞ്ചാരികളാ...യാത്രയെ അത്രമേൽ നെഞ്ചിലേറ്റിയവരാ..."*

പരിചയപ്പെടലുകളും കുശലാന്വേഷണങ്ങളും തുടർന്നോണ്ടിരുന്നു.
എല്ലാവരും ഹെൽമെറ്റ്‌ ധരിച്ച്‌ നിശ്ചിത അകലം പാലിച്ച്‌ വരി വരിയായ്‌ യാത്ര തുടർന്നു.
അതിനിടക്ക്‌ സെൽഫിയും ഫോട്ടോസും വീഡിയോസും എടുക്കാനും നമ്മൾ മടികാണിച്ചില്ല.

പച്ചപ്പും തോട്ടങ്ങളും തേക്കുകളും മുളകളും ചാലിയാറും പാലവും താണ്ടി ഞങ്ങൾ നിരനിരയായ്‌ പോയിക്കൊണ്ടിരിക്കാണു സൂർത്തുക്കളെ....

*കുരിശുപാറ*
-----------------------
ഞങ്ങളുടെ ആദ്യത്തെ സഞ്ചാരകേന്ദ്രം. *അൺനോൺ നിലംബൂർ* എന്ന തലക്കെട്ട്‌ എന്ത്‌ കൊണ്ടും ഈ യാത്രക്ക്‌ അനുയോജ്യമാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം,ആവശ്യത്തിനും അല്ലാതെയും എണ്ണമറിയാത്ത തവണകൾ നിലംബൂർ പോയിട്ടുണ്ടെങ്കിലും ഈ സ്ഥലം ഞാൻ എന്നല്ല,പലരും ജീവിതത്തിൽ തന്നെ കാണുന്നത്‌ ആദ്യമായിട്ടായിരിക്കും.ആ ഒരു സന്തോഷം മനസ്സ്‌ മുഴുവൻ ദൃതംഗപുളകിതനാക്കി.
എന്തായാലും ബൈക്ക്‌ സൈഡാക്കി സെൽഫികളും എടുത്തോണ്ട്‌ നടത്തം തുടർന്നു.
റബ്ബറും മറ്റനേകം തണൽമരങ്ങളും പുറകിലാക്കിക്കൊണ്ട്‌ വിശാലമായൊരു മലഞ്ചെരുവിലേക്ക്‌ എത്തിപ്പെട്ടു, മോളിലോട്ട്‌ നോക്കിയപ്പം ആദ്യമൊന്ന് കണ്ണ് തള്ളിയെങ്കിലും പാറയിൽ കുരുക്കിയ ചങ്ങലയും കയ്യിലേന്തി ഈ കാണുന്ന സകലതിന്റേയും സൃഷ്‌ടാവിനെ മനസ്സിൽ ധ്യാനിച്ച്‌ വലിഞ്ഞ്‌ കേറാൻ തുടങ്ങി.
മനസ്സ്‌ കൊണ്ട്‌ ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട്‌ കുരിശുപാറ കീഴടക്കാൻ കഴിയാത്ത ഏതാനും ചിലർ താഴെ നിന്ന് ആസ്വദിക്കുന്നതും കണ്ടു. പാട്ടും കളിയും കയ്യടിയും സംസാരങ്ങളുമായി മലമുകളിലെത്തിയപ്പോഴേക്കും ശരീരത്തിൽ രൂപം കൊണ്ട വിയർപ്പിന്റെ തുള്ളികളെ തുടച്ച്‌ നീക്കിക്കൊണ്ട്‌ ശുദ്ധമായ കാറ്റ്‌ ഞങ്ങളെ വരവേറ്റു. മലമുകളിൽ നിന്ന് ചുറ്റും നോക്കുമ്പൊ കാണുന്ന പശ്ചിമഘട്ടവും സുന്ദരിയായ ചാലിയാറിന്റെ ഭാഗങ്ങളും മനസ്സിനെ തണുപ്പിച്ചോണ്ടിരുന്നു. ഏറ്റവും വലിയ പ്രത്യേകത നിലക്കാതെ വീശിക്കൊണ്ടിരുന്ന കാറ്റ്‌ മനസ്സിനേയും ശരീരത്തേയും കുളിരണിയിപ്പിച്ചോണ്ടിരുന്നു എന്നാണ്. പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച്‌ വന്നപോലെ പെട്ടെന്നായിരുന്നു ആകാശം കറുത്തിരുണ്ടതും ഇടിമിന്നൽ ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങിയതും,ശക്തമായ മഴയെ മുന്നിൽ കണ്ട്‌ കൊണ്ട്‌ കൊതി തീരാത്ത കുരിശുപാറയെ തനിച്ചാക്കി ഞങ്ങൾ മല ഇറങ്ങാൻ തുടങ്ങി.മഴയെ മുന്നിൽ കണ്ട് ബാഗുകളും അത്യാവശ്യം നനയാൻ പാടില്ലാത്തവ (ഫോൺ,പേഴ്സ്‌ etc) എല്ലാം കവറിൽ കെട്ടിവെച്ച്‌ ബൈക്കെടുത്ത്‌ യാത്രതുടർന്നപ്പഴേക്കും ഞങ്ങടെ സന്തോഷത്തിൽ പങ്ക്ചേരാൻ മഴയും കൂടി വന്നെത്തി.കനത്ത ചൂടിനും ഈ വേനൽകാലത്തിനും ആശ്വാസമേകിക്കൊണ്ട്‌ വന്ന മഴയെ ഞങ്ങളും സ്വീകരിച്ചു.ഭൂമിയിലേക്ക്‌ ഊർന്നിറങ്ങിയ മഴത്തുള്ളികളെ മുത്തമിട്ട്‌ *യാത്രികന്റെ* അടുത്ത ലക്ഷ്യത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു.മലകയറിയപ്പൊ വിയർത്ത്‌ കുളിച്ചവരെയൊക്കെ തണുത്ത്‌ വിറപ്പിച്ച കിടിലൻ സന്ധ്യ,കളറായി എന്നെന്നെ പറയാം.
ഇരുട്ടിതുടങ്ങി,കാറ്റ്‌ വന്ന് കെട്ടിപ്പിടിച്ച്‌ കൂടെ ഇറങ്ങിയ മരങ്ങളും കൊമ്പുകളും മുന്നോട്ടുള്ള യാത്രയെ കുറച്ച്‌ സമയത്തേക്ക്‌ നിർത്തിവെക്കാൻ ഉത്തരവിട്ടു.
ആ സമയത്താണു മറ്റൊരു ട്വിസ്റ്റ്‌ സംഭവിക്കുന്നത്‌.
തമിഴ്‌,മലയാളം സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ റഹ്മാൻ ഞങ്ങൾക്ക്‌ മുന്നിൽ അവതരിച്ചു. ഞാൻ ആദ്യമൊന്ന് അൽഭുതപ്പെട്ടെങ്കിലും പിന്നീടാണു അറിഞ്ഞത്‌ സിനിമാനടൻ റഹ്‌മാന്റെ വീട്‌ നിലംബൂർ ആണെന്ന്.കണ്ട പാതി കാണാത്ത പാതി അതിനിടയിൽ സെൽഫി എടുക്കാനും മറന്നില്ല. മലപ്പുറം ജില്ലക്കാരനായിട്ടും നിലംബൂർ ഒരുപാട്‌ വട്ടം സന്ദർശ്ശിച്ചിട്ടും റഹ്മാന്റെ വീട്‌ നിലംബൂർ ആണെന്നൊരു പുതിയ അറിവ്‌ കൂടി ഞാനെന്റെ മനസ്സിൽ കുറിച്ചിട്ടു.
മഴ ഏകദേശം നിന്ന മട്ടാണു,
യാത്ര തുടരാം നിർദ്ധേശം വന്നു.
നേരെ പോവുന്നത്‌ ആദ്യദിവസത്തെ രാത്രി കലാപരിപാടികൾ സെറ്റാക്കിയിരിക്കുന്ന

 *ബംഗ്ലാവ്‌ കുന്നിലാണു,ചാലിയാർ വ്യൂ ഡോർമ്മിറ്ററിയിൽ.*

 പോവുന്ന വഴി മുഴുവൻ മരങ്ങളും കെ എസ്‌ ഇ ബി ലൈനുകളും തകർന്ന് കിടക്കുന്നു. കഴിഞ്ഞുപോയ കാറ്റിന്റെയും മഴയുടെയും കുസൃതികൾ.
റോഡിനു കുറുകെകിടക്കുന്ന മരങ്ങൾ വെട്ടിമാറ്റാനും വഴിയൊരുക്കാനും ആരും മടികാണിച്ചില്ല.മഴയുടേയും കാറ്റിന്റേയും പ്രണയത്തിൽ തകർന്ന് പോയ കറന്റ്‌, ആ രാത്രിയിലെ കുറച്ച്‌ നിമിഷങ്ങൾ ഞങ്ങളെ ഇരുട്ടിലാക്കി.എന്തൊക്കെയാണേലും *യാത്രികന്റെ* മനസ്സ്‌ രാത്രികളെ പകലാക്കുമെന്ന് ഞാനപ്പൊ മനസ്സിലാക്കി.
മഴ മുഴുവൻ നനഞ്ഞു,എന്തിനധികം പറയണം,ഇട്ടിരിക്കുന്ന ജെട്ടി വരേ നനഞ്ഞു, എന്നാലും ഈ ചൂടിൽ നിന്നും പെട്ടെന്നൊരു തണുത്ത രാത്രി സമ്മാനമായ്‌ കിട്ടിയതിന്റെ സന്തോഷത്താൽ ആത്മനിർവ്വൃതിയടഞ്ഞു.
വിശപ്പിന്റെ വിളി തുടങ്ങി,അപ്പഴേക്കും നല്ല ചൂട്‌ മന്തി ഞങ്ങൾക്ക്‌ മുന്നിൽ പ്രത്യക്ഷമായി.ചങ്ക്‌ മുർഷി നല്ലൊരു പീസും മന്തി റൈസും വിളമ്പിതന്നു
വയറും മനസ്സും നിറയുവോളം കഴിച്ചു, എല്ലാവരും തമാശകളും സംസാരങ്ങളുമായ്‌,
ഫുൾ ഓൺ

പെട്ടെന്നാണു എല്ലാവർക്കും എവിടെനിന്നോ ഒരു പൊസിറ്റീവ്‌ എനർജ്ജി വന്നത്‌.തുടർന്നങ്ങോട്ട്‌ പരിചയപ്പെടൽ ചടങ്ങും,പിന്നെ പണ്ടാരോ പറഞ്ഞ പോലെ ചെക്കനും ടീമും അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടി ആയപ്പൊ നേരം നട്ടപ്പാതിര. അടുത്തദിവസത്തെ വരാനിരിക്കുന്ന സർപ്പ്രൈസുകൾ മനസ്സിലിട്ട്‌ സ്വപ്നങ്ങളും തേടി ഞാൻ ഉറക്കത്തിലേക്ക്‌ സമർപ്പയായി..





*ദിവസം 2*
--------------------
സമയം അതിക്രമിച്ചെന്ന് തോന്നുന്നു.
കണ്ണുതുറക്കുമ്പോ സമയം 6 മണി.രാത്രിയുടെ മറനീക്കി സൂര്യൻ തെളിഞ്ഞ്‌ വന്നപ്പോഴാണു ഞങ്ങൾ കഴിച്ചുകൂട്ടിയ ഈ ഒരു ലൊകേഷൻ ഇത്രയേറെ പ്രകൃതിയുമായ്‌ ഇണങ്ങിച്ചേർന്ന് നിൽകുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്‌..
സൂര്യകിരണങ്ങൾ മണ്ണിൽ പതിക്കാൻ അനുവദിക്കാതെ ഇടതൂർന്ന് നിൽകുന്ന വലുതും ചെറുതുമായ മരങ്ങൾ,കേൾക്കാത്ത പല തരം പക്ഷികളുടെ ശബ്ദങ്ങൾ.
എല്ലാം കാതോർത്ത്‌ ഞാനും ഷരീഫും പുറത്തിറങ്ങാൻ തീരുമാനിച്ചു.
സ്വന്തമായി ബ്രഷ്‌ ഉണ്ടെങ്കിലും പേസ്റ്റില്ലായിരുന്നു രണ്ടാളടുത്തും.
അങ്ങനെ അന്നത്തെ പുലരിയെ ധന്യമാക്കിക്കൊണ്ട്‌ ജോൺസൺ മാഷ് (ഹൈസ്കൂളിലെ കണക്ക്‌ മാഷാട്ടോ) പല്ല് തേക്കാനുള്ള പേസ്റ്റ്‌ സ്പോൺസർ ചെയ്തു.
അതും കയ്യിലെടുത്ത്‌ രാത്രി മുഴുവൻ മറഞ്ഞ്‌ കിടന്ന ആ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച്‌ കൊണ്ട്‌ ഞങ്ങൾ നടന്നു.
കാട്ടിലൂടെ കയറിയിറങ്ങി വിശാലമായ ഒരു പാറപുറത്ത്‌ ഇരിപ്പുറച്ചു. ചുറ്റുപാടും നോക്കി,നോക്കി കണ്ണിനു കുളിർമ്മയേകി.
പ്രാതൽ എത്താൻ കുറച്ച്‌ സമയമെടുക്കും എന്നറിഞ്ഞപ്പോ തൊട്ടടുത്തുള്ള പുരാതനമായ *DFO ബംഗ്ലാവിലേക്ക്‌* നീങ്ങി.
10 രൂപ ടിക്കറ്റെ ടുത്താൽ പുരാതനമായ ആ ബംഗ്ലാവ്‌ മുഴുവനും കൺകുളിർക്കെ കാണാം.അതും കണ്ട്‌ *സ്കൈ വാക്ക്‌.*
ബംഗ്ലാവിനുള്ളിൽ നിന്നും മരങ്ങൾക്കും പ്രകൃതിക്കുമിടയിലൂടെ മുകളിലൂടെയുള്ള നടത്തം..ഒന്നിച്ചിരുന്ന് കൂകിവിളിക്കാനും ആർത്തുല്ലസിക്കാനും ഫോട്ടൊ എടുക്കാനും ആരും ആരെയും ഓർമ്മിപ്പിക്കേണ്ടി വന്നില്ല.

അടുത്ത നിർദ്ധേശം,പ്രാതലിന് ശേഷം നിലംബൂരിന്റെ സ്വന്തം *ചാലിയാറിൽ ടീം യാത്രികൻ* നീരാടാൻ പോവുന്നു.
സന്തോഷം.
മുണ്ടും മുറുക്കികുത്തി സെറ്റായി.കഴിഞ്ഞുപോയ മഴയുടേയും കാറ്റിന്റെയും പരിണിതഫലമായി വീരമൃത്യു വരിച്ച ചെറിയ മാമ്പഴങ്ങൾ ഞങ്ങളെ കാത്ത്‌ കിടപ്പുണ്ടായിരുന്നു.മൽസരിച്ച്‌ പെറുക്കിയെടുക്കാനും തിന്നാനും ഞങ്ങൾ കാണിച്ച മനസ്സ്‌,ആ സമയത്ത്‌ കുട്ടിക്കാലങ്ങളിലെ ഓർമ്മകളിലേക്ക്‌ കൊണ്ടിരുത്തി.
നടക്കുന്ന ഇടവഴികളിലത്രയും ഇന്നലെ വന്ന് പോയ കാറ്റിന്റേയും മഴയുടെയും വികൃതികൾ കാണാമയിരുന്നു.
ഫോറസ്റ്റ്‌ ഗാർഡുകൾ വന്ന് വഴിയിൽ വീണ മരങ്ങളത്രയും വെട്ടിമാറ്റി വൃത്തിയാക്കുന്ന കാഴ്ച്ചകളിലൂടെ ചാലിയാറിന്റെ മണൽപരപ്പിൽ എത്തിയത്‌ അറിഞ്ഞില്ല.
അറിയാല്ലോ വെള്ളം കണ്ടാ പിന്നെ ഞങ്ങൾ അടങ്ങിയിരിക്കൂന്ന് തോന്നൂണ്ടോ. ചാടിക്കുളിക്കാൻ തുടങ്ങിയില്ലേ...! വെള്ളത്തിലെ കുസൃതികളൊക്കെ ആയി സമയം നീങ്ങുന്നു.വേണ്ടുവോളം നീരാട്ട്‌ കഴിഞ്ഞ്‌ നേരെ ഡോർമ്മിറ്ററിയിലേക്ക്‌. അവിടുത്തെ ഞങ്ങടെ പൊറുതി അവസാനിപ്പിച്ച്‌ അടുത്ത സ്ഥലത്തേക്കുള്ള പ്ലാനിംഗ്‌.എല്ലാരും കഴിഞ്ഞദിവസം നനഞ്ഞ്‌ കുതിർന്ന ഡ്രസ്സും മറ്റുസാധങ്ങളും പാക്ക്‌ ചെയ്ത്‌ താമസസ്ഥലത്തോട്‌ വിടപറഞ്ഞു.പ്രകൃതിയുടെ തനിമ നഷ്ടപ്പെടുത്താതെ കാത്ത്‌ സൂക്ഷിക്കുന്ന
*DFO ബംഗ്ലാവ്* ഒരിക്കൽ കൂടി തിരിഞ്ഞ്‌ നോക്കി ആ വഴിയോടും ഞങ്ങൾ വിട പറഞ്ഞു.

വരിവരിയായ്‌ ഞങ്ങൾ നീങ്ങി.
ഇനി എത്തേണ്ടത്‌ *കനോലി പ്ലോട്ടിലേക്കാണു.*
40 രൂപ ടിക്കറ്റും എടുത്ത്‌ എല്ലാരും അകത്തേക്ക്‌.ആടിയും പാടിയും സന്തോഷത്തിന്റെ നിർവ്വൃതിയിൽ പാലവും കടന്ന് വലിയ വലിയ തേക്കുകൾ നെഞ്ച്‌ വിരിച്ച്‌ നിൽകുന്ന കനോലിയുടെ ആ പ്ലോട്ടിലായിരുന്നു ഉച്ചഭക്ഷണം വരേയുള്ള സമയം ഞങ്ങൾ ചിലവഴിച്ചത്‌.
ഗ്രൂപ്പ്‌ ഫോട്ടോകളും സെൽഫികളും വീഡിയോസും കൊണ്ട്‌ ഫോൺ വീർപ്പ്‌ മുട്ടാൻ തുടങ്ങിയിരിക്കുന്നു..ഒപ്പം വിശന്നിരിക്കുന്ന വയറും.
ഉച്ചഭക്ഷണത്തിനുള്ള സമയം അതിക്രമിക്കുന്നു.അതിനുള്ള സ്ഥലം *പൂക്കോട്ടും പാടം കതിർഫാം* ആണെന്ന് മുർഷി പറഞ്ഞു.
വരിവരിയായ്‌ വീണ്ടും.
കതിർ ഫാമിനെകുറിച്ച്‌ ചെറിയൊരു കേട്ടറിവ്‌ മാത്രമുള്ള ഞാൻ അവിടെ എത്തിയപ്പോൾ ഒന്ന് ഞെട്ടി.തികച്ചും മനുഷ്യനിർമ്മിതമായ മറ്റൊരു വിസ്മയം.
പൂക്കളും ചെടികളും ചെറിയ തടാകങ്ങളും അതിലൊരു തോണിയും നീന്തിത്തുടിക്കുന്ന താറാക്കൂട്ടങ്ങളും പലവിധം പക്ഷിമൃഗാധികളും അവിടം സൗന്ദര്യമാക്കിയിരിക്കുന്നു.കൂട്ടുകാരൊത്തും കുടുംബമൊത്തും സൊറ പറഞ്ഞിരിക്കാനും ആസ്വദിക്കാനും നമുക്കടുത്തുള്ള മനോഹരമായ മറ്റൊരു സ്ഥലം കൂടി ഞാൻ  രേഖപ്പെടുത്തി വെച്ചു.
അവിടുന്ന് അടിപൊളിയായ്‌ ഉച്ചഭക്ഷണവും.
ഭക്ഷണം കഴിഞ്ഞതും ദൂരേന്ന് വന്ന് ഞങ്ങടെ കൂടെ കൂടിയ ഏതാനും ചിലർ യാത്ര പറഞ്ഞു പിരിഞ്ഞുപോയി.അവരെ യാത്രയാക്കി,ഞങ്ങൾ ഈ യാത്രയുടെ അവസാന നിമിഷങ്ങളിലേക്ക്‌.
ഇനിയാണ് സംഗതി ഒന്നൂടെ കളറാവുന്നത്.

*ഗൂഗിൾ മാപ്പിൽ പോലും കാണിക്കാത്തൊരു വഴി.*
*സത്യം പറഞ്ഞാൽ*
*"ദ റിയൽ അൺനോൺ റൂട്ട്‌"*
തികച്ചും ഒരു ബൈക്കിനു മാത്രം കടന്ന് പോകാൻ കഴിയുന്ന വഴി.
ചാഞ്ഞ്‌ കിടക്കുന്ന മരങ്ങൾക്കിടയിലൂടെ മുന്നോട്ട്‌ നീങ്ങാൻ ചിലരൊക്കെ ഇത്തിരി കഷ്ടപ്പെട്ടു.

*"ഇത്തിരി കഷ്ടപ്പെട്ടാലും ഒത്തിരി നേടാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ."*

ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒറ്റവരിയായി ബൈക്കുകൾ നീങ്ങുന്നത്‌ തന്നെ കാണേണ്ട കാഴ്ചയാണു.നട്ടുച്ച നേരത്തും സൂര്യകിരണങ്ങൾ മുത്തമിടാൻ മടിക്കുന്ന കാട്‌,ഇടതൂർന്ന് നിക്കുന്ന ചെറുതും വലുതുമായ മരങ്ങളും.ഇത്രയൊക്കെ പോരേ സൂർത്തുക്കളേ മനസ്സ്‌ നിറയാൻ..
ശ്രദ്ധ തെറ്റിയാൽ താഴെ വീഴുന്ന തരത്തിലുള്ള പാതകളെ തോൽപിച്ച്‌ കൊണ്ട്‌ അതീവ ശ്രദ്ധയോടെ സാഹസികത ഏറ്റെടുത്ത്‌ മുന്നോട്ട്‌.
ഏകദേശം രണ്ടര കിലോമീറ്ററോളം മുന്നിട്ട്‌ *മാമ്പാടവും കുതിരപ്പുഴയും* (ചെറിയൊരു പുഴ കടക്കണം അപ്പുറമെത്താൻ,മഴ പെയ്ത്‌ വെള്ളം കൂടിയാൽ ഇത്‌ വഴി യാത്ര ബുദ്ധിമുട്ടാ) കടന്ന് ഞങ്ങൾ *വാണിയമ്പലം പാറ* ലക്ഷ്യമാക്കി നീങ്ങി.
ഉദ്ധേശിച്ച സ്ഥലമെത്തി.
ബൈക്ക്‌ നിർത്തി മുന്നോട്ട്‌ നോക്കിയപ്പോ അതിസുന്ദരമായൊരു ആരാധനാലയം സ്ഥിതി ചെയ്യുന്നത്‌ വാണിയമ്പലം പാറക്ക്‌ മുകളിലാണു.നടന്ന് കേറിപ്പോയി മോളിലെത്തി.ഉയരും കൂടും തോറും ചായക്ക്‌ രുചി കൂടുന്ന് പറഞ്ഞപോലെ  ഉയരം കൂടും തോറും കാഴ്ച്ചകൾക്കും മനസ്സിനും വല്ലാത്തൊരു രുചി ഉണ്ടെന്ന് മനസ്സിലാക്കിയ നിമിഷം.മുകളിൽ പ്രാർത്ഥനകൾക്കും ദൈവത്തിനും ഇടയിലുള്ള മനോഹരമായൊരമ്പലം.

ഏതൊരു *യാത്രികനും* സന്തോഷിക്കുന്നതും അവന്റെ മനസ്സ്‌ നിറക്കുന്നതും അതിരുകളില്ലാത്ത സൗഹൃദങ്ങളും അതിലുപരി കീഴടക്കലുമാണു.
പാറിപറന്ന് പോകുന്ന കാറ്റിനെ വെല്ലുവിളിച്ച്‌ ആ പാറയുടെ മുഴുവൻ ഭാഗങ്ങളിലൂടെയും ഞാനും ചങ്ക്‌ ഷരീഫും ഓടി നടന്നും സമയം ചിലവഴിച്ചു.
എവ്ടാണേലും ഒരു ഭാഗത്ത്‌ അടങ്ങി ഇരിക്കാൻ കഴിയാത്ത ഞാൻ ഈ യാത്രയിലൂടെയും ഒരുപാട്‌ നടന്നു.
ഓരോ സ്ഥലങ്ങളുടേയും ചുറ്റുപാടുകളും നടന്നറിഞ്ഞു. സൗത്ത്‌ ഇൻഡ്യയിലെ തന്നെ സുന്ദരമായ

 *ട്രയിൻപാതയുടെ (നിലംബൂർ- ഷൊർണ്ണൂർ)*

 ഏതാനും ഭാഗങ്ങളും വാണിയമ്പലം പാറക്ക്‌ മുകളിരുന്ന് കാണാം.
ഈ പാതയിലൂടെ തീവണ്ടി കൂകിപ്പായുന്നത്‌ വാണിയമ്പലം പാറക്ക്‌ മുകളിലിരുന്ന് കാണേണ്ട കാഴ്ച തന്നെയാണു.
സമയവും കാലാവസ്ഥയും ചെരുതായൊരു സൗന്ദര്യപ്പിണക്കം,അതോണ്ടെന്നെ ട്രയിൻ പോണ കാഴ്ചയും സൂര്യാസ്തമയവും ഞങ്ങൾക്ക്‌ മിസ്സായിരുന്നു.

ഈ മിസ്സായതിനെയൊക്കെ മറികടക്കുന്നതിനപ്പുറമായിരുന്നു നേടിയതും കണ്ടതും അനുഭവിച്ചതും അറിഞ്ഞതുമെല്ലാം.

*സന്തോഷങ്ങളും പഴങ്കഥകളും പരസ്പരം മന്ത്രിച്ചോണ്ടിരുന്നപ്പോഴും നമ്മൾ പിരിഞ്ഞിരിക്കാൻ സമയമായെന്നോർത്തില്ല യാത്രികനേ.*

ഇതോടു കൂടി ഈ നാടകം ഇവിടെ അവസാനിച്ചിരിക്കുന്നു എന്ന് പറഞ്ഞ പോലെ മുർഷിന്റെ ആ ഒറ്റ ഡയലോഗിലൂടെ ഞങ്ങടെ ഈ യാത്രക്ക്‌ ചുവന്ന ലൈറ്റ്‌ തെളിയിക്കാനായി.
ചുരുക്കിപറഞ്ഞാ പരിപാടി കഴിഞ്ഞൂന്ന്.

*ഫോൺ നിറയെ ഫോട്ടോസും വീഡിയോസും മനസ്സ്‌ നിറയെ സന്തോഷവും സൗഹൃദങ്ങളും കുത്തിനിറച്ച്‌ അടുത്തൊരു കൂടിക്കാഴ്ച്ചയെ സ്വപ്നം കണ്ട്‌ കൊണ്ട്‌ ആ മല ഇറങ്ങിയപ്പോഴും നമ്മുടെ സ്വന്തം മലപ്പുറവും നിലംബൂരുമൊക്കെ ഇത്രത്തോളം സുന്ദരികളായതിന്റെ പിന്നിലുള്ള രഹസ്യമെന്താന്നായിരുന്നു എന്റെ ചിന്ത..*

എല്ലാവർക്കും *സ്നേഹത്തിന്റെ കെട്ടിപ്പിടിത്തവും സഞ്ചാരിയുടെ അഭിവാദനങ്ങളും* നൽകിക്കൊണ്ട്‌ നമ്മളും മലപ്പുറം ലക്ഷ്യമാക്കി സഞ്ചരിച്ചോണ്ടിരുന്നു.

രാത്രി 9 മണിയോട്‌ കൂടി ഞാനും കൂടണഞ്ഞു.കുളിയും ഭക്ഷണവും കഴിഞ്ഞ്‌ കുറച്ച്‌ ചങ്കോളോട്‌ മ്മടെ ട്രിപ്പിന്റെ വീരവാദങ്ങളും പറഞ്ഞ്‌

മനസ്സിൽ ചേക്കേറിയ ഓർമ്മകളെ തലോടി അടുത്തൊരു സൗഹൃദയാത്രയെ സ്വപ്‌നം കണ്ട്‌ ഞാനും ഉറക്കത്തിലേക്ക്‌ യാത്രയായി*

                                       By ;Basil malappuram




പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു

https://www.facebook.com/travelriders.ml/

പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ

https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw

പുതിയ യാത്ര അറിവിനായി  travel &Riders whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു...

                                     Group 1

https://chat.whatsapp.com/LGdLXmf5rHVIs5eUtHawlj

                                    Group 2

https://chat.whatsapp.com/DkeZkkdVeRzFel2GRHVf5v

നിങ്ങളുടെ യാത്ര അനുഭവങ്ങളും ഫോട്ടോസുകളും ബ്ലോഗിൽ പ്രസിഥികരികൻ
Contact number:-9539796546

Comments

Popular posts from this blog

കേരളത്തിലെ മനോഹരമായ 30 tourist place കൾ

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 37 സ്ഥലങ്ങള്‍

പക്ഷി സങ്കേതത്തിൽ സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ കുമരകം പക്ഷി സങ്കേതം Kumarakom Bird Sanctuary is a must visit for bird sanctuary