ചിറാപുഞ്ചിയിൽ കോടമഞ്ഞു പെയ്യുമ്പോൾ..The beautiful place of cherrapunji
February 23, 2019
ചിറാപുഞ്ചിയിൽ കോടമഞ്ഞു പെയ്യുമ്പോൾ..
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഹരിതാഭമായ ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും കളകളാരവം പൊഴിക്കുന്ന തെളിനീരുറവകളും , കണ്ണെത്താ ദൂരത്തോളം പറന്നുകിടക്കുന്ന പുൽമേടുകളും, പിന്നെ മേഘങ്ങള്‍കൂട്ടം കൂട്ടമായി പറക്കുന്ന കാഴ്ചകളും -ഇതാണ് മേഘാലയ , മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ് അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.ആസാമിലെ പ്രധാന നഗരമായ ഗുവാഹട്ടിയില്‍നിന്ന് നൂറു കിലോമീറ്റര്‍ ദൂരമകലെയുള്ള ഷില്ലോങ് മേഘാലയയുടെ തലസ്ഥാനം കൂടിയാണ്. ചെന്നൈയിൽ നിന്നും വിമാനം വഴി അസ്സാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ചെന്നെത്തി. ഇനിയാണ് മഴക്കാടുകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
ഗുവാഹത്തി യിൽ നിന്നും നേരിട്ട് ചെറാപുഞ്ചിയിലേക്കു വണ്ടികൾ കിട്ടാൻ ബുദ്ധിമുട്ടാണ്. ഷില്ലോങ്ങിൽ ചെന്ന് വണ്ടി മാറിക്കയറണം.ഗുവാഹത്തി സ്റ്റാൻഡിൽ പോയാൽ ബസും ഷെയർ ടാക്സി യുമെല്ലാം അങ്ങോട്ട് പോകുന്നുണ്ട്.ഒരാള്‍ക്കു 170 രൂപ വെച്ച് വാങ്ങിയാണ് ടാറ്റാ സുമോ ഷെയര്‍ ടാക്‌സി ഓടുന്നത്. ഏകദേശം മൂന്നു മണിക്കൂർ യാത്ര ചെയ്യേണ്ടിവരും അവിടെ എത്താൻ. ഷെയർ ടാക്സി യിൽ പോയാൽ നമ്മൾക്ക് ഇഷ്ടമുള്ള സ്ഥലത്തു നിർത്തി കാഴ്ചകൾ കാണാനോ ഫോട്ടോ എടുക്കുവാനോ ഒന്നും കഴിയുകയില്ല എന്നുള്ളത് കൊണ്ട് ഒരു ടാക്സി വിളിച്ചാണ് ഞങ്ങൾ പോയത്. വീതിയേറിയ നല്ല ഹൈവേ ഇടക്കിടെ മഴ പെയ്യുന്നതു കാരണം റോഡിനിരുവശവും പച്ചപിടിച്ചു നില്‍ക്കുന്ന കുന്നുകള്‍. കുറേദൂരം പോയപ്പോള്‍ റോഡ് സൈഡില്‍ മത്തന്‍, കുമ്പളം, പയര്‍, ചേന, ചേമ്പ്, കാച്ചില്‍ചക്ക, മാങ്ങ, പൈനാപ്പിള്‍ മുതലായവ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടു. മഞ്ഞുകാലം ഒഴിച്ച് ബാക്കിയുള്ള മാസങ്ങളിലൊക്കെ ഏതാണ്ട് കേരളത്തിലെ കാലാവസ്ഥയാണ് ഇവിടെ. അതുകൊണ്ടായിരിക്കും നാട്ടിലെ കാര്‍ഷിക വിളകളൊക്കെ ഇവിടെയും കാണുന്നത്. പോകുന്ന വഴിയില്‍ കുറച്ചു വ്യൂ പോയിന്റ് ഉണ്ട്. അവിടൊക്കെ ആളുകള്‍ ഇറങ്ങി നിന്നു ഫോട്ടോ എടുക്കുന്നത് കാണാം. ഷില്ലോങ്ങിലേക്കെത്തുന്നതിനു മുൻപുള്ള ഉമിയം തടാകം കണ്ടതിനു ശേഷം ഷില്ലോങ്ങിലേക്കു പോകാമെന്നു ഡ്രൈവർ പറഞ്ഞു. ഷില്ലോങ്ങിലേക്കെത്തുന്നതിനു പതിനഞ്ചു കിലോമീറ്റർ മുൻപുള്ള ഒരു ജലസംഭരണിയാണ് ഉമിയം തടാകം (സാധാരണയായി ബാരാപാനി തടാകം എന്നും അറിയപ്പെടുന്നു). 1960 കളുടെ ആരംഭത്തിൽ ഉമിയം നദിക്ക് ഡാം ചെയ്താണ് ഇത് നിർമ്മിച്ചത്. 220ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന തടാകവും അണക്കെട്ടിലെ പ്രധാന ജലസംഭരണപ്രദേശവും.മേഘാലയ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ തടാകം. വാട്ടർ സ്പോർട്സ്, സാഹസിക സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഇവിടം. കയാക്കിംഗ്, വാട്ടർ സൈക്ലിംഗ്, സ്കോർട്ടിങ്, ബോട്ടിംഗ് എന്നിവയാണ് ഇവിടത്തെ വിനോദങ്ങൾ, വൈദ്യുതി ഉൽപാദനത്തിനായി വെള്ളം സൂക്ഷിക്കുന്നതിനൊപ്പം, താഴ്ന്ന പ്രദേശങ്ങളിലെ ജലസേചനം, മത്സ്യബന്ധനം, കുടിവെള്ളം എന്നീ പ്രാദേശിക ആവശ്യങ്ങൾക്കും ഈ തടാകം വെള്ളം നൽകുന്നുണ്ട്. തിരക്കും ബഹളങ്ങളും ഒന്നുമില്ലാതെ നല്ല അടുക്കും ചിട്ടയുമുള്ള സ്ഥലം. കുറച്ചുദൂരം അവിടെയിരുന്ന് തടാകത്തിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും ഭംഗി ആസ്വദിച്ചു. അവിടെ വെച്ച് ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബവുമായി പരിചയപ്പെട്ടു. അതിലുണ്ടായിരുന്ന കുട്ടി വാട്ടർ സ്പീഡ്‌ജറ്റിൽ നല്ല expert ആയിരുന്നു. അവരുടെ കുറച്ചു ഫോട്ടോ എടുത്തു അവർക്കു മെയിൽ വഴി അയച്ചു കൊടുക്കാൻ പറഞ് മെയിൽ id തന്നിരുന്നു. അത് നഷ്ടപ്പെട്ട് ഇപ്പോൾ ഫോട്ടോമാത്രം കയ്യിലുണ്ട്. നവംബർ മാസമായതിനാൽ വൈകിട്ട് നാല് മണിയായപ്പോഴേക്കും സൂര്യാസ്തമയവും നടന്നു.ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം.അന്തം വിട്ടു സൂര്യാസ്തമയവും നോക്കി നിന്ന് അങ്ങിനെ അവിടെ നിന്നും തിരിച്ചു ഷില്ലോങ്ങിലേക്കു യാത്രയായി.ഷില്ലോങിലെത്തിയപ്പോൾ സമയം രാത്രിയായിരുന്നു. തണുപ്പ് എന്ന് പറഞ്ഞാൽ കൊടുംതണുപ്പു. തണുപ്പ് മാറാൻ വേണ്ടി കെന്റക്കി യുടെ ഒരു ഫാമിലി പാക്ക് വാങ്ങി എല്ലടക്കം തിന്നു.
രാവിലെ വളരെ നേരത്തെ തന്നെ ഡ്രൈവർ വിളിച്ചുണർത്തി.എഴുന്നേറ്റപ്പോള്‍ മഴക്കാറൊക്കെഒഴിഞ്ഞ് നല്ല തെളിഞ്ഞ ആകാശം. ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് റൂം ഒഴിവാക്കി ഞങ്ങൾ ചെറാപുഞ്ചിയിലേക്കു യാത്രയായി.ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു ചിറാപുഞ്ചി, എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ മൗസിൻറം എന്ന പ്രദേശത്തിനാണ്. ഷില്ലോങ്ങില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് ചിറാപുഞ്ചി. അവിടെ കാണാന്‍ പറയത്തക്കതായി ഒന്നുമില്ല. ഒരു മാസത്തില്‍ ഏറ്റവും അധികം മഴ രേഖപ്പെടുത്തുന്നത് ഇവിടെയാണ്. അതിനടുത്തുള്ള ഗ്രാമമാണ് മൗസിൻറം . ഒരു വര്‍ഷം മൊത്തമായി എടുത്താല്‍ ഏറ്റവുമധികം മഴ ലഭിക്കുന്നത് അവിടെയാണ്. ഞങ്ങൾ കാണുമ്പൊൾ കോടമഞ്ഞ് ചെറാപുഞ്ചി മലകളെ മുഴുവനായി പൊതിഞ്ഞ് കിടക്കുകയായിരുന്നു. കോടമഞ്ഞിന്‍െറ തണുപ്പില്‍, പുല്‍മേടുകള്‍ താണ്ടിയെത്തെുന്നവരെ വീണ്ടും വീണ്ടും കൊതിപ്പിച്ചുകൊണ്ടിരിക്കും മഴയുടെ പറുദീസയായ ചെറാപുഞ്ചി . രണ്ടുമൂന്നു ദിവസമായി ഇവിടെ മഴ പെയ്തിട്ടില്ല എന്ന് ഡ്രൈവർ പറഞ്ഞു. അത് കാരണം ഡ്രൈ ആയിക്കിടക്കുന്നു.മഴ പെയ്താൽ മലമുകളിൽ നിന്ന് വെള്ളച്ചാട്ടമായി അപ്പോൾ തന്നെ താഴേക്ക് കുത്തിയൊലിച്ചു പോകുന്നത് കാണാൻ നല്ല രാസമാണത്രെ. തണുത്ത കാറ്റു കോടമഞ്ഞിനെ കറക്കി കറക്കി ഒരു മഴയ്ക്ക് വട്ടം കൂട്ടുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ തണുത്ത കാറ്റുമായി വന്ന ഒരു ചെറു മഴ ഞങ്ങളെ കിടുകിടാ വിറപ്പിച്ചു. മുന്‍പ് പലതവണ നനഞ്ഞിട്ടുണ്ടെങ്കിലും മഴ ഒരു ബുദ്ധിമുട്ടായി തോന്നിയത് അപ്പോഴാണ്. വേഗം ഓടി കാറിൽ കയറി ഇരുന്നു. കാറിലിരുന്ന് കാണാൻ നല്ല രസമാണ്. പരിചയമില്ലാത്ത സ്ഥലത്തുവന്നു മഴകൊണ്ട് വല്ല പനിയും പിടിച്ചാൽ പണി പാളും. പിന്നെ മഴയത്തു കാമറ എടുത്തു ഫോട്ടോ എടുക്കാനും പറ്റൂല. അങ്ങിനെ മഴ തേച്ചിട്ടു പോയി. ആകാശക്കാഴ്ചകളുടെയും പ്രകൃതിയുടെയും വിസ്മയലോകമാണ് ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആഞ്ഞുവീശുന്ന കാറ്റില്‍ കോടമഞ്ഞ് ഇടക്കിടെ ഞങ്ങളെ തഴുകി കടന്നുപോയി. തിരിച്ചു വരുമ്പോള്‍ സെവന്‍ സിസ്റ്റേഴ്സ് ഫാള്‍സ്. കുന്നിന്‍ ചെരിവിലൂടെ ഒഴുകുന്ന ഏഴ് വെള്ളച്ചാട്ടങ്ങള്‍. വേനൽകാലമായതുകൊണ്ടു ചിലതൊക്കെ വളരെ ശോഷിച്ചിരിക്കുന്നു. എന്നാലും അതൊരു കാണേണ്ട കാഴ്ച തന്നെയാണ്. കോടയും മഞ്ഞും മഴയും മഴച്ചാറ്റലും ഇളം വെയിലുമൊക്കെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തഴുകി കടന്നുപോകും.ചിലപ്പോള്‍ മേഘശകലങ്ങള്‍ വന്ന് മൂടിയും മറ്റു ചിലപ്പോള്‍ തെളിഞ്ഞും കാണാവുന്ന പ്രകൃതിയുടെ വന്യഭംഗി.
കുന്നും മലയും കെട്ടിപ്പുണര്‍ന്നു കിടക്കുന്ന ഈ നാടിന് ആകെയൊരു പ്രണയഭാവമുണ്ട്.........
അവിടെ നിന്ന് ലിവിങ് റൂട്ട് ബ്രിഡ്ജസ് കാണുവാൻ ഡ്രൈവർ ഞങ്ങളെ കൊണ്ടു പോയി.
ഒരു കരയിൽ നിൽക്കുന്ന മരത്തിന്റെ വേരുകൾ മറു കരയിലേക്ക് കൊണ്ടു പോയി അനേക വർഷം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന പാലങ്ങളാണ് വേരു പാലങ്ങൾ (living root bridges). നദിക്കരയിലുള്ള കൂറ്റന്‍ മരങ്ങളുടെ വേരുകള്‍കൊണ്ട് ഗോത്രവര്‍ഗക്കാര്‍ നദിക്ക് കുറുകെ നിര്‍മിച്ച പാലം. ജീവനുള്ള മരങ്ങളുടെ വേരുകള്‍ പതുക്കെപ്പതുക്കെ നദിക്ക്കുറുകെ വളര്‍ത്തി പത്തിരുപത് കൊല്ലംകൊണ്ട് അതൊരു ഉറപ്പുള്ള പാലമാക്കി മാറ്റും.കൂടുതല്‍ ഉറപ്പിനുവേണ്ടി വേരുകള്‍ക്കിടയില്‍ കല്ലുകള്‍ പാകിയിട്ടുണ്ട്ഇന്നു കാണുന്ന ചില വേരുപാലങ്ങൾക്ക് മുന്നൂറിലേറെ വർഷങ്ങൾ പഴക്കമുണ്ടത്രെ. ഒരേ സമയം 50 പേരെ വരെ വഹിക്കാൻ ഈ പാലങ്ങൾക്കാവും. ചിറാപുഞ്ചിയിലെ ഭൂപ്രകൃതികാരണം അരുവികളും പുഴകളും കടക്കാൻ വഞ്ചികൾ പറ്റില്ല. ശക്തമായ ജലപ്രവാഹം കാരണം പാലങ്ങളും എളുപ്പമല്ല. അത് കൊണ്ടായിരിക്കാം ഇങ്ങനെ ഓരോ സെറ്റ് അപ്പ് .
മണിക്കൂറുകളോളം കാട്ടിലൂടെ കുത്തനെയുള്ള പടികൾ ഇറങ്ങി വേണം ലിവിങ് റൂട്ട് ബ്രിഡ്ജസ് കാണുവാൻ പോകേണ്ടത്. കാറ്റിന്റെ മൂളിപ്പാട്ടും കാടിന്റെ കളകളാരവവും കേട്ടും പ്രകൃതിയുടെ വശ്യ മനോഹാരിത ആസ്വദിച്ചും അങ്ങോട്ട് വളരെ ഉഷാറിലായിരുന്നു പോക്ക്. താഴേക്കിറങ്ങും തോറും മനസ്സിലാദി കൂടി. തിരിച്ചും ഇതേ വഴി തന്നെ കയറി വരേണ്ടേ.ബാക്ഗ്രൗണ്ട് മ്യൂസിക് എല്ലാം സ്റ്റൈൽ മാറി തുടങ്ങി. കളകളാരവം വണ്ടിന്റെ മൂളിപ്പാട്ടു പോലെയായി. അവസാനം താഴെ എത്തി.
ഖാസിയിലെ ആളുകളുടെ കരവിരുതാണ് വെള്ളച്ചാട്ടത്തിന് കുറുകെ യുള്ള ഈ പാലം.മരത്തിന്റെ വേരുകളാല്‍ നിര്‍മിക്കപ്പെട്ട പാലം
ശരിക്കും കണ്ണിനെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു ആ പാലം. ..നേരം ഇരുട്ടി തുടങ്ങി, മലനിരകളില്‍ മഞ്ഞിന്‍െറ മേലാപ്പ്, സൂര്യന്‍ പൂര്‍ണമായും കാഴ്ചക്കപ്പുറത്തേക്ക് ഒളിച്ചു കഴിഞ്ഞു. ഒരോ യാത്രയും ഓരോ ആഘോഷമാണ്. കാഴ്ചകളുടെ, കാഴ്ചപ്പാടുകളുടെ, അറിവുകളുടെ, അനുഭവങ്ങളുടെ ഘോഷയാത്ര.
By :- Neza fathima
പുതിയ യാത്ര അറിവിനായി ഞങ്ങളുടെ ഫേസ്‌ബുക്ക് page ലൈക്ക് ചെയു
https://www.facebook.com/travelriders.ml/
പുതിയ യാത്ര വിഡിയോകൾ ലഭിക്കാൻ തയെ കാണുന്ന ലിങ്കിൽ കയറി ഞങ്ങളുടെ youtube channel SUBSCRIBE ചെയൂ
https://www.youtube.com/channel/UCPD0GsSP-ztK9s8yfmBfBHw
0 comments